മണലൂർ കുടുംബ ചരിത്ര സംഗ്രഹം

View History in English

ദൈവകൃപയാൽ അനുഗ്രഹിക്കപ്പെട്ട മധ്യകേരളത്തിന്റെ ഐശ്വര്യ നിദാനമായ പമ്പ നദിയുടെ തീരത്താണ് നമ്മുടെ പൂർവ്വ പിതാക്കന്മാർ വാസമുറപ്പിച്ചത്. സഹ്യപർവത സാനുപ്രദേശങ്ങളിൽ നിന്നുമുത്ഭവിച്ച് വലിയ നദിയായി മാറി പടിഞ്ഞാറോട്ടൊഴുകി വരുന്ന പമ്പാ, കുറിയന്നൂരിന് തെക്കു നൂറ്റമ്പതടി ഉയരത്തിലും വളരെ വിസ്തീർണ്ണത്തിലും സ്ഥിതി ചെയ്യുന്ന പ്രമാടത്തു പാറയിലിടിച്ച് തെക്കോട്ട് തിരിഞ്ഞൊഴുകുന്നു. പമ്പാനദിയുടെ ഈ ഗതിമാറ്റം മൂലം രൂപപ്പെട്ട മാലി പ്രദേശമാണ് കീഴുകര. വെള്ളപ്പൊക്കം കൊണ്ടുവരുന്ന എക്കൽ മണ്ണുകൊണ്ടുയർന്ന മണൽത്തിട്ടയുടെ ചുറ്റുപാടും വളരെ ഫലഭൂയിഷ്ട്മായ ഭൂപ്രദേശമാണ്. ബുദ്ധിയിലും സൂക്ഷ്മനിരീക്ഷണത്തിലും മുൻപിലുണ്ടായിരുന്ന നമ്മുടെ പൂർവ പിതാക്കന്മാർ കനകം വിളയുന്ന ഈ പ്രദേശം താമസത്തിന് തിരഞ്ഞെടുത്തതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ മൂലകുടുംബം കേരളത്തിലെ പുരാതന ക്രൈസ്തവകുടുംബമായ ചെങ്ങന്നൂർ കാടുവെട്ടൂർ കുടുംബമാണ്. ഈ കുടുംബത്തിലെ ഒരാളെ കുടുംബമായി ആറന്മുളക്ക് കിഴക്കുപ്രദേശത്തെ ഭരണാധികാരികളിൽ ഒരാൾ വഞ്ചിത്രയിൽ കൊണ്ടുവന്ന് താമസിപ്പിക്കുകയും വഞ്ചിത്ര തേവർതുണ്ടിയിൽ എന്ന കുടുംബപ്പേരിലറിയപ്പെടുകയും ചെയ്തു. ഈ കുടുംബത്തിന് ഇപ്പോൾ 6 പ്രധാന ശാഖകളുണ്ട്. അതിൽ ജനസംഖ്യയിലും വിദ്യാഭ്യാസത്തിലും ധിഷണശക്തിയിലും പരിശ്രമശീലത്തിലും ഉയർന്നു നിൽക്കുന്ന പ്രധാന ശാഖയാണ് 'കീഴുകര മണലൂർ കുടുംബം'. വഞ്ചിത്ര തേവർതുണ്ടിയിൽ കുടുംബത്തിലെ ആറ്റാപ്പള്ളിൽ താമസിച്ചിരുന്നയാളിന്റെ അഞ്ചു മക്കളിൽ മൂത്തമകൻ തര്യൻ കീഴുകര വന്ന് മണലൂർ പറമ്പിൽ പാർത്തതുകൊണ്ടാണ് മണലൂർ എന്ന് കുടുംബപ്പേരായതെന്നു പറയുന്നു. ദൈവം അബ്രഹാമിന് നൽകിയ അനുഗ്രഹമാണ് മണലൂർ താമസമാക്കിയ തര്യനും നൽകിയത്. "മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും തന്നെ". ഇപ്പോൾ മണലൂർ കുടുംബാംഗങ്ങൾ ഉദ്യോഗാർത്ഥവും ബിസിനസ്സ് പരമായും ലോകമെമ്പാടും പടർന്ന് പന്തലിച്ചു നിൽക്കുന്നു. കീഴുകരയിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ കോഴഞ്ചേരി മാർത്തോമ്മാപളളിയിൽ കൂടി നടന്നു വന്നു. ചരിത്ര സ്മാരകമായി നിൽക്കുന്ന കോഴഞ്ചേരിയിലെ പഴയ, പുത്തൻ പള്ളികളുടെ പണിയിൽ കുടുംബാംഗങ്ങൾ എല്ലാവരും വിശിഷ്യ കോയിക്കലേത്തു മത്തായി ഉപദേശി മുൻകൈയെടുത്ത് പ്രവർത്തിക്കുകയും ഇടവകയുടെ അഭിനന്ദനങ്ങൾക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ട്. റെവ. തോമസ് ജോർജ് മണലൂർ കുടുംബത്തിന്റെ രക്ഷാധികാരിയും കുടുംബത്തിലെ മറ്റ് എല്ലാ അച്ചന്മാരും ഉപരക്ഷാധികാരിമാരും ആകുന്നു. മണലൂർ കുടുംബത്തിന്റെയ് ശാഖകൾ: 1. തോലുംമൂട്ടിൽ 2. വടശ്ശേരിൽ 3. പുത്തൻപുരയിൽ 4. വെട്ടോലിൽ 5. സമുദായത്തിൽ 6. ചാലുകുന്നേൽ 7. വെമ്പഴത്രയിൽ 8. കിഴക്കേമുറി തുണ്ടിയിൽ എന്നിവയാകുന്നു. വഞ്ചിത്ര തേവർതുണ്ടിയിൽ കുടുംബചരിത്രം രണ്ടാം വാല്യം എഴുതുന്നതിനുള്ള രേഖകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മണലൂർ ശാഖയുടെ എല്ലാ കുടുംബങ്ങളിൽ നിന്നും കുടുംബാംഗങ്ങളുടെ വിവരങ്ങൾ എഴുതിയ ഫോമുകൾ എത്രയും വേഗം മണലൂർ കുടുംബഭാരവാഹികളെ ഏല്പിക്കേണ്ടതാണ്. ദീർഘകാലം വഞ്ചിത്ര തേവർതുണ്ടിയിൽ കുടുംബയോഗത്തിന്റെ പ്രസിഡണ്ടായും മരണം വരെയും രക്ഷാധികാരിയായും പ്രവർത്തിച്ച മണലൂർ കുടുംബത്തിലെ വെരി.റെവ.പി.എം.ജോർജിനെയും വൈസ്പ്രസിഡന്റായി പ്രവർത്തിച്ച റെവ.ഫാ.ഏബ്രഹാം പുളിവേലിനെയും പ്രത്യകമായി സ്മരിക്കുന്നു. സങ്കീർത്തനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ "ഇതാ സഹോദരന്മാർ, ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവുമാകുന്നു". കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ഭൗതിക ഐശ്വര്യത്തിന്റെ നിയമവും ആത്മീകാനുഗ്രഹത്തിന്റെയ് വ്യവസ്ഥയും അതാകുന്നു സഹോദരായിക്യം.

Family History More Info

© 2017 Manaloor. All Rights Reserved | Design by Pepperpot IT Solutions